Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 രേവതി ടീച്ചർ 

കുട്ടികൾക്ക് രക്ഷകയായി സ്വന്തം പ്രാണൻ വെടിഞ്ഞ ടീച്ചർ ഇനി ഓർമകളിൽ ജീവിക്കും. യോഗാദിനത്തിൽ  അപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച രേവതി ടീച്ചർ്ക്ക് വിവേകാനന്ദ സ്‌കൂളിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. 
ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സഹ അധ്യാപകരും വിദ്യാർഥ്രികളും നാട്ടുകാരും രക്ഷിതാക്കളും അടക്കം നൂറു കണക്കിനു പേർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. രാവിലെ 11 മണിക്ക് മൃതദേഹമെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ രാവിലെ മുതൽ ജനം സ്‌കൂളിലേക്ക് എത്തിയിരുന്നു. അഞ്ചു മണിക്കൂറിലേറെ കാത്തിരിപ്പിനു ശേഷം മൃതദേഹവും വഹിച്ചു കൊണ്ടുളള ആംബുലൻസ് സ്‌കൂൾ വളപ്പിൽ എത്തിയപ്പോൾ തന്നെ കുട്ടികളും സഹ അധ്യാപകരും എല്ലാം വാവിട്ടു കരഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വൈകിയതാണ് മൃതദേഹമെത്തിക്കാൻ വൈകിയത്. ഇതിനിടെ വൈകിയതിനാൽ സ്‌കൂളിലെ പൊതു ദർശനം മാറ്റിയേക്കുമെന്ന ആശങ്കയും ഉണ്ടായെങ്കിലും രക്ഷിതാക്കളടക്കം ക്ഷമയോടെ കാത്തുനിന്നാണ് പ്രിയപ്പെട്ട ടീച്ചർക്ക് അന്തിമ വിട നലകിയത്.

സ്വന്തം പ്രാണൻ വകവയ്ക്കാതെ തങ്ങളുടെ പൊന്നോമന മക്കളുടെ ജീവൻ രക്ഷിച്ച അധ്യാപികയുടെ മരണം നാട്ടുകാർക്കും താങ്ങാവുന്നതായിരുന്നില്ല. മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ശബരിമല മുൻ മേൽശാന്തി എ.ആർ.രാമൻ നമ്പൂതിരി, വിദ്യാലയ സമിതി ഭരവാഹികളായ ഇ.വി.വിഷ്ണു നമ്പൂതിരി, എൻ.അജിത്, കെ.കെ.ദിലീപ്കുമാർ, കെ.വിജുമോൻ, പ്രധാനാധ്യാപിക ആർ.അനിത, രക്ഷാകർതൃ സമിതി ഭരവാഹികൾ, അധ്യാപക അനധ്യാപക സമിതി ഭാരവാഹികൾ, മൂവാറ്റുപുഴ എൻ.എസ്.എസ്. യൂണിയൻ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

തുടർന്ന് മൃതദേഹം രാത്രി ഏഴ് മണിയോടെ അരിക്കുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ ജൂൺ 21 ന് രാവിലെയാണ് മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയ മുറ്റത്ത് കാർ നിയന്ത്രണം വിട്ട് രേവതി ടീച്ചറും പത്ത് കുട്ടികളും അപകടത്തിൽ പെട്ടത്. യോഗാ പ്രദർശനത്തിനായി കുട്ടികളെ സ്‌കൂൾ മുറ്റത്ത് അണിനിരത്തുന്നതിനിടെ ഇവിടേയ്ക്കു വന്ന കാർ നിയന്ത്രണം വിട്ട് ഇടിയ്ക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ കാറിടിച്ച് നിലത്തു വീണ ടീച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും തലയ്ക്കുമായിരുന്നു പരിക്ക്. ഇടയ്ക്ക് ബോധം തെളിഞ്ഞെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നു. നിർധന കുടുംബാംഗമായ രേവതി അപകടത്തിനു നാല് ദിവസം മുമ്പ് തിങ്കളാഴ്ചയാണ് സ്‌കൂളിൽ ജോലിക്ക് കയറിയത്. തൊടുപുഴ അരിക്കുഴ പാലക്കാട്ട് പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയാണ്. അദ്വൈത (മൂന്ന്) ഏക മകളാണ്

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites