തുടർച്ചയായി പത്താം വർഷവും സ്കൂൾ വാർഷികത്തിന് ഷോർട്ട് ഫിലിം ഒരുക്കി ഇളങ്ങവം ഗവ. എൽ.പി.സ്കൂൾ ശ്രദ്ധേയമാകുന്നു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഫിലിം നിർമ്മിക്കുന്നത്. ആദ്യമായി സ്കൂളിൽ നിർമ്മിച്ച പുഴ തേടിപ്പോയ കുട്ടികൾ എന്ന ഷോർട്ട് ഫിലിം ഏറെ ജന ശ്രദ്ധയാകർഷിച്ചിരുന്നു. ജലചൂഷണത്തിനെതിരെയുള്ള പ്രമേയത്തെ ആസ്പദമാക്കിയാണ് ആ ചിത്രം നിർമ്മിച്ചിരുന്നത്. തുടർന്ന് ഒറ്റക്കമ്പി നാദം, തെളിമ, പാഠങ്ങൾ, ഗാർലന്റ് ഇൻ മങ്കീസ് ഹാൻഡ്, തിരിച്ചറിവ്, സമർപ്പണം, ഈ മനോഹര തീരത്ത് എന്നീ ഷോർട്ട് ഫിലിമുകൾക്കു പുറമേ കേരളത്തിലെ ആദ്യ സംസ്കൃത ഹൃസ്വ ചിത്രമായ 'അഭിജ്ഞാന'വും ഇവിടെ നിർമ്മിക്കപ്പെട്ടിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൂളിലെ സംസ്കൃതാദ്ധാപകനും മാധ്യമ പ്രവർത്തകനുമായ കെ.എസ്.സന്തോഷ് കുമാറാണ് രചനയും സംവിധാനവും.
അപരിചിതരായവരുടെ വാഹനത്തെ കൈ കാണിച്ചു നിർത്തി വിദ്യാലയയാത്ര ശീലമാക്കിയ വിദ്യാർത്ഥികൾക്കു സംഭവിക്കാവുന്ന ദുരന്തത്തെ ആസ്പദമാക്കിയാണ് ഇക്കുറി ഉത്തിഷ്ഠത ജാഗ്രത എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അര മണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രത്തിൽ സമീപകാല സംഭവങ്ങളായ ജനൽച്ചില്ലുകളിലെ കറുത്ത സ്റ്റിക്കർ പതിക്കൽ, മാനസിക രോഗിയെ കെട്ടിയിട്ടുള്ള മർദ്ദനം എന്നിവയും കോർത്തിണക്കിയിരിക്കുന്നു. സ്കൂൾ വാർഷികാഘോഷ വേദിയിൽ ഉത്തിഷ്ഠത ജാഗ്രതയുടെ സിഡി പ്രകാശനം കെസിവി ചാനൽ മേധാവി അജിത് ജനാർദ്ദനൻ നിർവഹിക്കും. വാർഷികാഘോഷം ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മോഹനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ആദ്യ ഷോട്ട് ഫിലിമിലെ അഭിനേതാക്കളെയും കലാ പ്രതിഭകളെയും ആദരിക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികളെ തുടർന്ന് വേദിയിൽ പ്രത്യേകം തയ്യാറാക്കിയ വലിയ സ്ക്രീനിൽ ഉത്തിഷ്ഠത ജാഗ്രതയുടെ പ്രഥമ പ്രദർശനം നടക്കും.
|